ഓർമ്മത്താളുകൾ

എം.ജയ, അധ്യാപിക AUPS മണ്ണഴി

1991 ജൂൺ 1.. മണ്ണഴി എ യു പി സ്കൂളിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കാൻ പോകുന്ന ദിവസം !
രാവിലെ എഴുന്നേറ്റപ്പോൾ മുതൽ ആകെ ഒരു അസ്വസ്ഥത പഠിതാവ് എന്ന തലത്തിൽ നിന്നും അധ്യാപക
വൃത്തിയി ലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. എങ്ങനെ ആവുമോ എന്തോ? ഇടുങ്ങിയ ഇടവഴികളും പാടങ്ങളും
വെള്ളക്കെട്ടുകളും കടന്ന് ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോകുന്ന കുട്ടിയെ എന്ന പോലെ ഞങ്ങൾ ഞാനും
ഹസ്ബന്റും നടന്നു. പാടവരമ്പിൽ നിന്നും ഒരു ചെമ്മൺപാതിയിലേക്ക് കയറി . അവിടെ തന്നെയാണ് സ്കൂൾ.
മുറ്റത്ത് പൊടി പാറിച്ചു കൊണ്ട് തലങ്ങും വിലങ്ങും ഒാടുന്നുണ്ട് കുട്ടികൾ. ഓടിട്ട മൺചുവരുകൾ ഉള്ള കുറെ
കെട്ടിടങ്ങൾ പടികൾ കയറി ഓഫീസ് റൂമിലെത്തി അപരിചിതരായ ധാരാളം മുഖങ്ങൾ സ്റ്റാഫ് റൂമിന്റെ ഒരറ്റത്ത്
തന്നെയായിരുന്നു ഓഫീസ് റൂം. മനസ്സിൽ ചെറിയൊരു അങ്കലാപ്പ് ഉണ്ടായിരുന്നുവെങ്കിലും പലരും വളരെ
സ്നേഹത്തോടെ കുശലാന്വേഷണം നടത്തി. ആദ്യത്തെ ഭയം തെല്ലൊന്നു കുറഞ്ഞു. ഇവരിൽ പലരും പിന്നീടുള്ള
എന്റെ ഔദ്യോഗിക ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങൾ ആയിരുന്നു. ജീവിത സുഖങ്ങളിലും
ദുഃഖങ്ങളിലും കൂടപ്പിറപ്പിനെ എന്നപോലെ സ്നേഹിക്കുകയും ഒപ്പം നിർത്തുകയും ചെയ്തു.
പെട്ടെന്നാണ് അപ്പമാഷ് വന്ന് പറഞ്ഞത് ഒങ വിളിക്കുന്നു. വീണ്ടും ഒരു ഉൾഭയം. ഉമ്മർ മാസ്റ്റർ നാട്ടിലെ
അറിയപ്പെടുന്ന പ്രഗൽഭനായ ഒരു സാമൂഹിക രാഷ്ട്രീയ പ്രവർത്തകനാണ്. ധൈര്യം സംഭരിച്ച് മാഷിന്റെ അരികിലെത്തി.
പക്ഷേ വളരെ സ്നേഹത്തോടെ നർമ്മരസം കലർന്ന രീതിയിൽ സൗമ്യമായി തന്നെ എന്നോട് സംസാരിച്ചു. രജിസ്റ്ററിൽ
ഒപ്പുവെക്കാൻ പറഞ്ഞു. രണ്ട് എ ക്ലാസ്സിലേക്കാണ് ആദ്യമായി എന്നെ പറഞ്ഞയച്ചത് .
ചെമ്മൺ പാതയോരത്ത് ചേർന്ന് കിടക്കുന്ന പഴയ ഒരു കെട്ടിടത്തിലേക്ക് ഞാൻ പ്രവേശിച്ചു. മതിൽ കെട്ടില്ലാത്ത
റോഡിന്റെ അപ്പുറം വിശാലമായ നെൽപ്പാടങ്ങൾ. ചെറിയ ഒരു പാലത്തിനടിയിലൂടെ ഒഴുകുന്ന തോട്. ഈ കെട്ടിട
ത്തിന്റെ വരാന്തയിൽ നിന്ന് നോക്കിയാൽ അങ്ങ് ദൂരെ വരെ പ്രകൃതിരമണീയമായ കാഴ്ചകൾ എന്നെ വളരെയധികം
ആകർഷിച്ചു. ഒന്നാം ക്ലാസും രണ്ടാം ക്ലാസും മൂന്നാം ക്ലാസും എല്ലാം ഇതേ കെട്ടിടത്തിൽ തന്നെ ഇടച്ചുവരുകൾ
ഒന്നുമില്ല . ആകെ ഒരു ബഹളം. ചിലമ്പലുകൾ, കരച്ചിലുകൾ, കളിച്ചിരികൾ, എല്ലാം കാതുകളിൽ മുഴങ്ങി കൊണ്ടേ
യിരുന്നു. ആദ്യം ഒരു അങ്കലാപ്പ് ഉണ്ടായെങ്കിലും കുട്ടികളുമായി വേഗം തന്നെ ഞാൻ ചങ്ങാത്തത്തിലായി.
32 വർഷങ്ങൾ പിന്നിടുമ്പോഴും കെട്ടിലും മട്ടിലുംവന്ന ചെറിയ മാറ്റത്തോടെ അതേ കെട്ടിടത്തിന്റെ ഒരു ക്ലാസ്
റൂമിൽ തന്നെ കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഈ വിദ്യാലയം ഇന്നും സാക്ഷ്യം
വഹിക്കുന്നതിൽ ഞാൻ മനസ്സുകൊണ്ട് വളരെ സന്തോഷവതിയാണ്. ചുറ്റുപാടും മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു.
മുന്നിലെ മൺപാത ടാറിട്ട റോഡായി സ്കൂളിന് ചുറ്റുമതിൽ വന്നു. വിളഞ്ഞ നെൽപ്പാടങ്ങളെല്ലാം കോൺക്രീറ്റ് കെട്ടിട
ങ്ങളാൽ കാലഹരണപ്പെട്ടു. സ്കൂളിന്റെ മുൻവശത്തെ ചെറിയ അങ്ങാടി വലിയ ടൗൺ ആയി മാറി.
ഓരോ വർഷവും മുന്നിൽ വന്നു പോകുന്ന കുഞ്ഞു മുഖങ്ങളിലും അവരുടെ കുസൃതികളിലും എല്ലാം മാറ്റങ്ങൾ
വന്നുകൊണ്ടേയിരിക്കുന്നു. പഠന രീതികളും അപ്പാടെ മാറിക്കഴിഞ്ഞു. മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും
ഇന്റർനെറ്റുകളും എല്ലാ നമ്മുടെ കുഞ്ഞുങ്ങളെയും അറിവിന്റെ മായാപ്രപഞ്ചത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോവു
കയാണ്. ‘എല്ലാം നല്ലതിന് ‘ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ….

എം.ജയ, അധ്യാപിക
AUPS മണ്ണഴി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top