മുകുളം വിജയഗാഥ

സർഗാത്മകതയുടെ വിസ്മയ ലോകത്ത് മണ്ണഴി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ചരിത്രം രചിക്കുകയാണ്..!

കേരളത്തിലെ ആദ്യ സ്കൂൾ ഇൻലന്റ് ലെറ്റർ മാസികയായ മുകുളം വിരിഞ്ഞത് മണ്ണഴി സ്കൂളിലാണ്. 1999 ഡിസംബർ മാസം ഒമ്പതാം തിയ്യതി കവി കുഞ്ഞുണ്ണി മാഷ്ടെ വസതിയായ വലപ്പാട് അതിയാരത്ത് വീടിന്റെ പൂമുഖത്ത് വെച്ചായിരുന്നു മുകളത്തിന്റെ പിറവി.

കുഞ്ഞുണ്ണി മാഷ് പ്രകാശനം ചെയ്ത കുഞ്ഞു മാസിക 25 വർഷം പിന്നിടുമ്പോൾ മുകുളം കൂട്ടുകാർ പങ്കുവെയ്ക്കുന്നത് ഒരു ചരിത്രഗാഥയാണ് !

പി വി മോഹനൻ മണ്ണഴി

ദേശീയ അധ്യാപക അവാർഡ് ജേതാവ് 2013 -14

"കുഞ്ഞുണ്ണി മാഷെ അറിയാൻ" പഠനയാത്ര

നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലുള്ള കുഞ്ഞുണ്ണി കഥയുടെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കവി കുഞ്ഞുണ്ണി മാഷെ് അടുത്തറിയാനും അദ്ദേഹവുമായി സംവദിക്കാനുമുള്ള “കുഞ്ഞുണ്ണി മാഷെ അറിയാൻ” പഠനയാത്ര സംഘടിപ്പിച്ചത്. ചെറുങ്ങോരൻ കഥ പഠിപ്പിക്കുന്നതിനിടയിൽ കുട്ടികൾ പ്രകടിപ്പിച്ച ഒരാഗ്രഹമാണ് ഒടുവിൽ ഒരു പഠനയാത്രയായി കുഞ്ഞുണ്ണി മാഷിൻ്റെ വീട്ടിലേക്കെത്തുന്നതിലേക്ക് നയിച്ചത്. അതിന്റെ മുന്നോടിയായി നാലാം ക്ലാസിലെ കുട്ടികൾ എഴുതിയ മികച്ച രചനകളും മറ്റു ക്ലാസുകളിലെ രചനകളിൽ നിന്നും തെരഞ്ഞെടുത്ത കഥകളും കവിതകളും കുഞ്ഞുണ്ണി മാഷിന് അയച്ചുകൊടുത്തു. 

ഒപ്പം കുഞ്ഞുണ്ണി മാഷെ കാണാനും മാഷുമായി അഭിമുഖം നടത്താനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കുട്ടികളുടെ കത്തും ചേർത്തു. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അതു സംഭവിച്ചു, കുഞ്ഞുണ്ണി മാഷിൻ്റെ കത്ത് മണ്ണഴി സ്കൂളിലെ കുട്ടികളെ തേടി എത്തി അതിൽ ഇങ്ങനെ എഴുതിയിരുന്നു.

“മണ്ണഴി സ്കൂളിലെ എൻ്റെ കൊച്ചു കൂട്ടുകാരേ, ഞാൻ നിങ്ങളെ കാത്തിരിക്കുന്നു പ്രിയപ്പെട്ട അധ്യാപകരേ, മോഹനൻ മാഷേ, സന്തോഷം. താഴെ പറയുന്ന രചനകൾ വളരെ മികച്ചതായി എനിക്കു തോന്നുന്നു. ഈ കുഞ്ഞുങ്ങളെയും കൊണ്ട് എന്നെ വന്നു കാണുക.”

കുഞ്ഞുണ്ണിമാഷെ കാണാൻ ഭാഗ്യം ലഭിച്ച ആ വിദ്യാർത്ഥികൾ ആരൊക്കെ ആണെന്നറിയണ്ടേ…! ശ്രുതി പ്രകാശ്, രാഹുൽ ശങ്കർ, സൗമ്യ എം.പി, അനൂപ്.കെ, ചാന്ദ്നി ,നിവേദ് മോഹൻ, അഞ്ജു. എസ് രാജ് എന്നിങ്ങനെ  രണ്ട്,  മൂന്ന്, നാല് ക്ലാസുകളിലെ ചങ്ങാതിമാർ !

ഹെഡ് മാസ്റ്റർ ശ്രീ. ടി. പി കുര്യാക്കോസ് മാസ്റ്ററുടെ നേതൃത്വത്തിൽ യാത്രാസംഘം ഒരുങ്ങി. പിടിഎ പ്രതിനിധിയും പൂർവ്വ വിദ്യാർത്ഥിയുമായ രാജേഷ് മണ്ണഴി, ബി.ആർ.സി പ്രതിനിധിയായി എ. കെ കൃഷ്ണകുമാർ എന്നിവരും കൂടെ ഉണ്ടായിരുന്നു. 

“കുഞ്ഞുണ്ണി മാഷെ അറിയാൻ” പഠനയാത്രയിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നായിരുന്നു പിന്നീടുള്ള ചർച്ചകൾ ചെറുങ്ങോരൻ പതിപ്പ്, കുട്ടികളുടെ കവിതാ സമാഹര പ്രകാശനം, പഠന സംഘത്തിലെ ഏഴ്  വിദ്യാർഥികളുടെ ബാലസാഹിത്യകൃതികൾ, അഭിമുഖം, കവിതാലാപനം, നാടൻ പാട്ടുകൾ, പഴഞ്ചൊൽ കേളി.. തുടങ്ങിയവയും കുട്ടികൾ ഇൻലന്റ് രൂപത്തിൽ എഴുതി ഉണ്ടാക്കിയ “”മുകുളം” ഇൻലൻ്റ് ലെറ്റർ മാസികയും. അക്കൂട്ടത്തിൽ കുഞ്ഞുണ്ണി മാഷിന് ഏറ്റവും ഇഷ്ടപ്പെട്ടത് കുട്ടികൾ സ്വന്തമായി എഴുതിയും വരച്ചും തയ്യാറാക്കിയ “മുകുളം കുഞ്ഞുണ്ണിയ്ക്കൊരു കുഞ്ഞു മാസിക” എന്ന സമ്മാനപ്പൊതിയായിരുന്നു. തുടർന്ന് അതിയാരത്തെ കുഞ്ഞുണ്ണി മാഷ്ടെ പൂമുഖത്തു വെച്ച് മുകുളം കുഞ്ഞു മാസിക മാഷ് പ്രകാശനം ചെയ്യുകയും അത് എല്ലാ മാസവും അയച്ചുതരണമെന്നും നിർദ്ദേശിച്ചു. കുട്ടികളുടെ സമ്മാനത്തിന് പകരമായി ഒരു സമ്മാനം കുട്ടികൾക്ക് നൽകാനും കുട്ടികളുടെ കളിത്തോഴനായ കുഞ്ഞുണ്ണി മാഷ് മറന്നില്ല. 

മുകുളത്തിന്റെ ഒാരോ ലക്കത്തിലും പ്രസിദ്ധീകരിക്കാനായി തന്റെ നാലുവരി കവിതകൾ അയച്ചു തരാമെന്നും തന്റെ പേര് മാർഗ നിർദ്ദേശകൻ എന്ന രീതിയിൽ മുകളത്തിൽ ഉൾപ്പെടുത്താൻ സമ്മതിക്കുകയും ചെയ്തു. മാഷുടെ ആ വാഗ്ദാനം അദ്ദേഹത്തിന്റെ മരണംവരെ തുടർന്നു. പ്രകാശനത്തിനു ശേഷം മുകുളം അച്ചടിച്ചു പ്രസിദ്ധീകരിക്കാൻ തുടങ്ങി. മുകുളത്തിന്റെ ആദ്യത്തെ എഡിറ്റർ നാലാം ക്ലാസുകാരിയായ ശ്രുതി പ്രകാശ് ആയിരുന്നു. രാഹുൽ ശങ്കർ, അനൂപ്, നിവേദ് മോഹൻ, ചാന്ദ്നി, സൗമ്യ എം.പി, അഞ്ജു എസ് രാജ് എന്നിവരായിരുന്നു ആദ്യത്തെ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ.

വിസ്മയങ്ങളുടെ മുകുളം

മണ്ണഴി എ.യു.പി സ്കൂളിലെ പിഞ്ചോമനകൾ തയ്യാറാക്കുന്ന മുകുളം ആദ്യഘട്ടത്തിൽ മറ്റു സ്കൂളുകളിലെ കുട്ടികളുടെ രചനകൾ കൂടി ഉൾപ്പെടുത്തി DPEP, SSA എന്നിവ വഴി രണ്ടായിരത്തിലേറെ സ്കൂളുകളിലേക്കും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്ത സാഹിത്യകാരന്മാർ, പത്രങ്ങൾ എന്നിവർക്കെല്ലാം പതിവായി അയച്ചു കൊടുക്കാറുണ്ടായിരുന്നു. കുഞ്ഞുണ്ണി മാഷ്, സിപ്പി പള്ളിപ്പുറം, എം.ടി വാസുദേവൻ നായർ, സുഗതകുമാരി പി. വത്സല. മണമ്പൂർ രാജൻ ബാബു, കെ. വി രാമകൃഷ്ണൻ, ആലങ്കോട് ലീലാ കൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരും കവികളും മുകുളത്തിലൂടെ വിദ്യാർത്ഥികളോട് സംവദിക്കുകയും രചനകൾ പതിവായി അയച്ചു തരികയും ചെയ്തിരുന്നു. ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് രചനകൾ പതിവായി അയച്ചു തരികയും ചെയ്തിരുന്നു. ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് കുട്ടികൾക്കായുള്ള മാജിക്കിൻ്റെ രാഹസ്യങ്ങൾ ഉൾപ്പെടുത്തിയ ഒരു പംക്തി തന്നെ മുകുളത്തിലൂടെ ചെയ്തിട്ടുള്ളത് നന്ദിയോടെ ഓർക്കുന്നു.

മുകുളം കൂട്ടുകാരി സൗമ്യ എം.പിയുടെ ശൂന്യത എന്ന കവിത പൊതു വിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസിലെ മലയാളം ഹാൻഡ് ബുക്കിൽ ഉൾപ്പെടുത്തിയത് മുകുളത്തിനു ലഭിച്ച വലിയ ഒരു അംഗീകാരമാണ്. NCCL ന്യൂഡൽഹി, DPEP എന്നിവയുടെ അംഗീകാരവും മുകുളത്തിന്നു ലഭിച്ചിട്ടുണ്ട്. NCCL വേണ്ടി മുകുളം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പുറത്തിറക്കിയതിലൂടെ ദേശീയ അംഗീകാരവും മുകളത്തിന്നു ലഭിച്ചു. MHRD ഡയറക്ടർ ഡോ. ഗയ പ്രസാദ് , NLRC ഡയറക്ടർ ഡോ. അനിതാരാംപാൽ എന്നിവർ മുകുളത്തിന് അഭിനന്ദനക്കത്തുകൾ അയക്കുകയും ചെയ്തു. ഇംഗ്ലീഷ് മുകുളം പ്രശസ്ത സാഹിത്യകാരനായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണനും, ഹിന്ദി പ്രശസ്ത കവി ശ്രീ. കെ.വി രാമകൃഷ്ണനുമാണ് പ്രകാശം ചെയ്തത്.

NBT ((National Book Trust) മുകുളത്തെ അംഗീകരിക്കുകയും സമ്മാനമായി പുസ്തകങ്ങൾ അയച്ചു തരുകയുമുണ്ടായി. NBT യുടെ റീഡേഴ്സ് ക്ലബ്ബ് അംഗത്വം മുകളത്തിന് ലഭിക്കുകയും അതുവഴി മുകുളം രചനകൾ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. ക്ലബ്ബ് മാസികയായ റീഡേഴ്സ് ക്ലബ്ബ് ബുള്ളറ്റിൽ വഴി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആസ്സാം, മേഘാലയ, മിസോറാം സംസ്ഥാനങ്ങളിൽ നിന്നും മുകുളം വായിച്ച് അഭിനന്ദനക്കത്തുകൾ വരാറുണ്ടായിരുന്നു ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ശ്രീ. എ.പി.ജെ അബ്ദുൽ കലാം, മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ.പ്രണബ് കുമാർ മുഖർജി, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി, മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്പീക്കർ ശ്രീ.ജി. കാർത്തികേയൻ തുടങ്ങിയ പ്രശസ്ത വ്യക്തികളിൽ നിന്നും മുകുളത്തിന് അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും കത്തുകളിലൂടെയും നേരിട്ടും ലഭിച്ചിട്ടുള്ളത് വളരെ സന്തോഷത്തോടെ ഈ  അവസരത്തിൽ ഓർത്തുപോകുന്നു.

2014ൽ എനിക്ക് ആദരണീയനായ ഇന്ത്യൻ രാഷ്ട്രപതി ശ്രീ പ്രണബ് കുമാർ മുഖർജിയിൽ നിന്ന് ന്യൂഡൽഹിയിൽ വെച്ച് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കാൻ കഴിഞ്ഞത് മുകുളം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഞാൻ കാണുന്നു. ‌

പ്രകാശം പരത്തുന്ന മുകുളം കൂട്ടുകാർ

മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലുള്ള മണ്ണഴി എ.യു.പി സ്കൂൾ എന്ന ഈ കൊച്ചു വിദ്യാലയത്തെ ലോകം അറിഞ്ഞത് “മുകുളം” എന്ന ഈ കുഞ്ഞു മാസികയിലൂടെയാണ് എന്ന് പറയുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.. കുട്ടികളുടെ ഉത്സാഹം കൊണ്ട് മുകുളത്തിനുണ്ടായ വളർച്ച ഞങ്ങൾ അധ്യാപകരെ പോലും വിസ്മയിപ്പിക്കുന്നതാണ്.

1999ൽ ആരംഭിച്ച മുകുളം കൂട്ടുകാരുടെ ഈ വിസ്മയ യാത്രയിൽ മുകുളം കൂടുതൽ ശാഖകളാർന്നു വളർന്നു 2004ൽ മുകുളം സ്മാർട് ചിൽഡ്രൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ശ്രീ എം. ടി. വാസുദേവൻ നായരാണ് ഉദ്ഘാടനം ചെയ്തത്. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത് വീട്ടിൽ കൂട്ടിലിട്ടു വളർത്തിയിരുന്ന ഒരു തത്തയെ വിദ്യാർത്ഥികളിൽ ഒരാൾ തുഞ്ചൻപറമ്പിലേക്ക് കൊണ്ടുവന്നു മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ ശ്രീ. എം .ടി വാസുദേവൻ നായർ കൂട് തുറന്ന് ആകാശത്തിലേക്ക് പറത്തി വിട്ടുകൊണ്ടാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ണഴി സ്കൂളിലെ മുകുളം കൂട്ടുകാരെ കൂടാതെ മലപ്പുറം ജില്ലയിലെ മറ്റു സ്കൂളുകളിലെ എഴുത്തുകാരായ വിദ്യാർഥികൾക്കു കൂടി മുകുളം അവസരം നൽകിയിരുന്നു. ശ്രീ എം. ടി വാസുദേവൻ നായർ, ആലങ്കോട് ലീലാകൃഷ്ണൻ, മണമ്പൂർ രാജൻ ബാബു തുടങ്ങിയവരെല്ലാം കുട്ടികളുമായി സംവദിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് പുറമേ എം. ടിയുമായുള്ള സാഹിത്യ സല്ലാപം, അഭിമുഖം, കവിതകളുടെ അവതരണം തുടങ്ങിയ പരിപാടികളുമുണ്ടായി മാതൃഭൂമി പ്രധാന പരിപാടിയായി പ്രാധാന്യം നൽകി കുട്ടി COM ൽപ്രശസ്ത പരിപാടിയെക്കുറിച്ച് എഴുതി. മലയാള മനോരമ, ദേശാഭിമാനി, മാധ്യമം പത്രങ്ങളിൽ വിശദമായി വാർത്തകൾ വന്നു. മുകുളം ആഭിമുഖ്യത്തിൽ മുകുളം ചിൽഡ്രൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃകാപരമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ കുട്ടികളോടൊപ്പം ഞങ്ങൾക്കും ഏറെ അഭിമാനമുണ്ട്.

പാഠഭാഗങ്ങളോടനുബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ മാതൃക പഠനയാത്ര, സയൻസ് ഗണിത വിഷയങ്ങളുടെ പഠനം എളുപ്പമാക്കാൻ മാജിക്കിലൂടെ കഴിയും എന്ന് തെളിയിക്കുന്ന ഇന്ദ്രജാലക്കളരി പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിൽ മറ്റു സ്കൂളുകളിലെ കുട്ടികൾക്ക് കൂടി അവസരം നൽകി അവതരിപ്പിച്ച പോഗ്രാം, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥാപാത്രങ്ങളുടെ വേഷമിട്ട് സുൽത്താൻ്റെ ബേപ്പൂരിലെ വസതിയിലെത്തി ഫാബി ബഷീറുമായി അഭിമുഖവും ബഷീറിൻ്റെ മാംഗോസ്റ്റീൻ തണലിൽ അവതരിപ്പിച്ച ബഷീർ കഥകളുടെ ദൃശ്യാവിഷ്കാരവും ചിൽഡ്രൻസ് ക്ലബ്ബിനെ ഏറെ പ്രശസ്തമാക്കി. മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള മാജിക് പോഗ്രാം മുകളത്തിനു വേണ്ടി അവതരിപ്പിക്കാൻ ലോകപ്രശസ്ത മാന്ത്രികൻ ശ്രീ. ഗോപിനാഥ് മുതുകാട് വീണ്ടും മലപ്പുറത്തെ വേദിയിലേക്കെത്തിയത് മുകുളത്തിന് അദ്ദേഹം നൽകിയ അംഗീകാരത്തിനും പ്രോത്സാഹത്തിനും തെളിവാണ്.

മുകുളം പറക്കും പുൽച്ചാടികൾ വരുന്നു

വിദ്യാർത്ഥികളുടെ “”വ്യക്തിത്വ വികസനം” ലക്ഷ്യമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ സ്കൂൾ ക്ലബ്ബായ ‘മുകുളം പറക്കും പുൽച്ചാടി” തികച്ചും വേറിട്ട ഒരു മുകുളം പ്രവർത്തനമായിരുന്നു ലോകപ്രശസ്ത മജീഷ്യനും മോട്ടിവേറ്ററുമായ ശ്രീ .ഗോപിനാഥ് മുതുകാട് മാർഗനിർദേശകനായ ഈ പോഗ്രാം എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഒരു മണിക്കൂർ സ്കൂളിൽ അരങ്ങേറിയിരുന്നു. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനുമുതകുന്ന വിവിധ പരിപാടികൾ അവർ തന്നെ തയ്യാറാക്കി അവതരിപ്പിക്കുകയും സംവാദങ്ങൾ, ചർച്ചകൾ, ക്വിസ് പ്രോഗ്രാമുകൾ, കവിതാസ്വാദന കളരികൾ, ദൃശ്യാവിഷ്കാരം, ദിനാചരണ പ്രോഗ്രാമുകൾ തുടങ്ങിയ വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് ഈ പ്രോഗ്രാമിലൂടെ അവതരിപ്പിക്കപ്പെടുന്നത്. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുവാനും ഏത് പ്രതിസന്ധിയേയും മറികടക്കാൻ അവരെ പ്രാപ്തരാക്കി മികച്ച വിദ്യാർഥികളാക്കി മാറ്റുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഒരു മികച്ച ടി.വി പ്രോഗ്രാമിന്റെ മാതൃകയിലായിരുന്നു ഓരോ എപ്പിസോഡുകളും തയ്യാറാക്കി അവതരിപ്പിച്ചിരുന്നത്. വളരെ ആവേശത്തോടെ വിദ്യാർഥികൾ ഹൃദയത്തിലേറ്റു വാങ്ങിയ ഈ  പ്രോഗ്രാം ഇന്നും സ്കൂളിലെ കുട്ടികളുടെ മുഖ്യ ആകർഷണമാണ്. !

റേഡിയോ മുകുളം

2014ൽ ആരംഭിച്ച “”റേഡിയോ മുകുളം” മണ്ണഴി സ്കൂളിൽ ഇപ്പോൾ തരംഗമായി കഴിഞ്ഞു. ലോക ദേശീയ സംസ്ഥാന പ്രാദേശിക വാർത്തകൾ വിദ്യാലയ വാർത്തകൾ ഡെയ്ലി ക്വിസ്, മൊഴിമുത്തുകൾ തുടങ്ങിയ വൈവിധ്യമുള്ള ഒട്ടേറെ പരിപാടികളാണ് റേഡിയോ മുകുളം പ്രക്ഷേപണം ചെയ്യുന്നത്. മുകുളം വാർത്താ വായനാ ശിൽപ്പശാലയിലൂടെ തെരഞ്ഞെടുത്തു പരിശീലനം നൽകിയ വിദ്യാർത്ഥികളാണ് ദിവസവും വാർത്തകൾ അവതരിപ്പിക്കുന്നത് 20 അംഗങ്ങൾ അടങ്ങിയ മുകുളം ന്യൂസ് ഡെസ്ക് ഇതിനുവേണ്ടി പിന്നണിയിൽ പ്രവർത്തിക്കുന്നു. ഡെയലി ന്യൂസിനു പുറമേ വിശേഷ ദിവസങ്ങളിലും ദിനാചരണ വേളകളിലും പ്രത്യേക പ്രക്ഷേപണവും ഉണ്ടായിരിക്കും.

സ്കൂളിലെ മുഴുവൻ വിദ്യാർഥികളുടെയും “ജന്മദിനം” റേഡിയോ മുകുളത്തിലൂടെ ആഘോഷിക്കുന്ന പിറന്നാൾ മധുരം “ഹാപ്പി ബർത്ത് ഡേ” തുടങ്ങിയ പ്രോഗ്രാമുകൾ ഏറെ പോപ്പുലറായി കഴിഞ്ഞു. പിറന്നാൾ ദിനത്തിൽ സ്കൂളിലെ പ്രധാനാധ്യാപകൻ പിറന്നാൾ ആശംസകൾ അറിയിക്കുന്നതോടൊപ്പം ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പ്രത്യേക സംഗീത പരിപാടിയും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യാറുണ്ട്. എല്ലാവർഷവും റേഡിയോ മുകുളം റേഡിയോ ജോക്കികളെയും ന്യൂസ് റീഡർമാരെയും ആദരിക്കാറുണ്ട്. എയുപി സ്കൂളിലെ മുകുളം കൂട്ടുകാർ തയ്യാറാക്കിയ ബാലലോകം പരിപാടി 2019 നവംബർ 30നും ഡിസംബർ 7നും ആകാശവാണി മഞ്ചേരി എഫ്. എം. നിലയം പ്രക്ഷേപണം ചെയ്യുകയുണ്ടായി.

"മുകുളം പക്ഷിക്കൂട്ട്'' കേരളത്തിലെ ആദ്യത്തെ സ്കൂൾ പക്ഷി നിരീക്ഷണ ക്ലബ്ബ്

മുകുളം രജത ജൂബിലി പതിപ്പ് 10 2014 നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനത്തിൽ ആരംഭിച്ച “”മുകുളം പക്ഷിക്കൂട്ട് ” നിരവധി വൈവിധ്യമാർന്ന പരിപാടികളോടെ മുന്നേറുന്നു. കടലുണ്ടി ബേർഡ് സാങ്ച്വറിയിലേക്ക് നടത്തിയ പക്ഷി നിരീക്ഷണ യാത്ര നാട്ടു പക്ഷികളെ അടുത്തറിയാനും സംരക്ഷിക്കാനുമുള്ള പ്രോജക്ടുകൾ പക്ഷി മനുഷ്യൻ സലിം അലി അനുസ്മരണ പരിപാടി, പക്ഷി ആൽബം നിർമ്മിക്കൽ, പക്ഷി ക്വസ്, പക്ഷി നിരീക്ഷണ മത്സരം, പഠന ക്ലാസുകൾ ഇവയെല്ലാം പക്ഷികൂട്ട് പക്ഷി നിരീക്ഷണ ക്ലബ്ബിന്റെ പ്രധാനപ്രവർത്തനങ്ങളിൽ ചിലതാണ്.

മുകുളം സ്പേസ് ക്ലബ്ബ്

2014 ലോക ബഹിരാകാശ ദിനത്തിൽ ആരംഭിച്ച മുകുളം സ്പേസ് ക്ലബ്ബ് സ്കൂളിലെ വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ഏറെ സഹായകമായി നാസ മീഡിയ സെന്റർ റിസോഴ്സ് ഗ്രൂപ്പ് അംഗമായ ശ്രീ നാസ ഗഫൂർ ആണ് 2014 “‘മുകുളം സ്പേസ് ക്ലബ്ബ് ” ഉദ്ഘാടനം ചെയ്തത്.

ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്റർ സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളിൽ മുകുളം സ്പേസ് ക്ലബ്ബിലെ കൂട്ടുകാർ പങ്കെടുക്കാറുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തെ നൂതന പ്രവർത്തകർ ബഹിരാകാശ യാത്രകളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക ശാസ്ത്ര പഠനം കൂടുതൽ കാര്യക്ഷമമാക്കുക കടഞഛ,ചഅടഅ തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുക, ടെലസ്കോപ്പ് നിർമ്മാണം, നക്ഷത്ര നിരീക്ഷണം, ശാസ്ത്ര പഠനയാത്ര, ശാസ്ത്ര ക്വിസ് മത്സരങ്ങൾ തുടങ്ങിയ ഒട്ടേറെ പരിപാടികളാണ് മുകുളം സ്പേസ് ക്ലബ്ബ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് .മുകുളം സ്പേസ് ക്ലബ്ബിലെ കൂട്ടുകാർ നേതൃത്വം നൽകിയ മംഗൾ യാൻ വിജയറാലി ഏറെ ആകർഷകമായിരുന്നു.

മുകുളം 25 ാം വാർഷികം ആഘോഷിക്കുന്ന ഇൗ വേളയിൽ മാതൃകാപരമായ മുകുളം ്രപവർത്തനങ്ങൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കണം എന്ന ഒരു അപേക്ഷയാണ് ഞങ്ങൾ അധികൃതരുടെമുമ്പാകെ സമർപ്പിക്കുന്നത്.

ഇൗ രജതജൂബിലി വർഷത്തിൽ കൂട്ടുകാർ ഉത്സവലഹരിയിലാണ് മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മണ്ണഴി എ.യു.പി സ്കൂൾ ഒരുപക്ഷേ ഇനി “‘മുകുളം സ്കൂൾ” എന്ന പേരിലാവും ഭാവിയിൽ അറിയപ്പെടുക എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

Scroll to Top