അഞ്ചാം വയസ്സിൽ ഉമ്മാന്റെ കൂടെ ബസിൽ മുന്നിലെ പെട്ടിമ്മെ ഇരുന്നു യാത്രചെയ്യുമ്പോ, ഡ്രൈവർ എന്നെക്കാൾ വലിയ വളഞ്ഞു നിക്കുന്ന ആ ഗിയർ പിടിച്ച് വലിച്ച്, വളയം കറക്കി ആ വലിയ ജന്തുവിനെ തെളിക്കുന്നത് കണ്ടപ്പൊ കാക്കി ഇട്ട ഡൈ്രവറെ മനസ്സിൽ പ്രതിഷ്ഠിച്ചു ഉമ്മയോട്ആ ദ്യമായി ഞാൻ പറഞ്ഞു- “”ഉമ്മാ.., എനിക്ക് ഒരു വലിയ്യ ബസ് ഡ്രൈവർ ആവണം! ”
പിന്നീടൊരിക്കൽ വീട്ടിലെ പറമ്പിൽ തേങ്ങയിടാൻ വന്ന രാഘവേട്ടൻ ആകാശം മുട്ടെ വലിപ്പമുള്ള തെങ്ങിൽ കയറി പോകുന്നതും, തേങ്ങകൾ ഓരോന്നായി ഇടുന്നതും, ഉപ്പയും ഉമ്മയും ഉമ്മുമ്മയും ഇത്താത്തയും അയൽവാസികളും ഒക്കെ ആരാധനയോടെ നോക്കുന്നത് കണ്ടപ്പോ മനസ്സിൽ കയറ്റിയ ബസ് ഡ്രൈവറെ നിഷ്കരുണം ചവിട്ടി പുറത്താക്കി അന്ന് രാത്രി ഞാൻ ഉമ്മയോട് പറഞ്ഞു. “ഉമ്മാ, ഞാൻ വലുതായാൽ തെങ്ങു കയറാൻ പോകും.!”
വേറൊരു ദിവസം തോട്ടം കിളക്കാൻ വന്ന അഹമ്മദ്ക്കന്റെ കൈക്കോട്ടും .. പിന്നെ വൈകുന്നേരം ഉമ്മുമ്മ 200ഉർപ്യ കൊടുക്കുന്നതും കൂടി കണ്ടപ്പോ അഹമ്മദ്ക്കന്റെ കൈകോട്ടിനെ മനസിൽ ആവാഹിച്ചു രാഘവേട്ടനെ എടുത്തു പുറത്തിട്ടു.അന്നും പതിവുപോലെ ഉമ്മയോട് പറഞ്ഞു.” ഉമ്മാ ഞാൻ തോട്ടം കിളക്കാൻ പോകും!”.
കൂടാതെ പറമ്പിൽ കിളച്ചു പരിശീലനവും തുടങ്ങി.
ആ സമയത്താണ് വീടിനടുത്തുകൂടെയുള്ള റോഡ് ആദ്യമായി ടാർ ചെയ്യുന്നത്.ആ റോഡ് പണി ജാഥയുടെ നേതാവ് ഓറഞ്ചു നിറത്തിലുള്ള റോഡ് റോളർ അങ്ങനെ തല പൊക്കി പിടിച്ചു വരുന്നു. എന്റെ മോനെ…എന്താ ആ ഡ്രൈവർ ന്റെ ഒരു ഗെറ്റപ്പ്!’കുട്ടികളും മുതിർന്നവരും അടക്കം
ആബാലവൃദ്ധം ജനം അതിനെ നോക്കി നിക്കുന്നു. ഞാൻ ആ സ്ഥാനത്ത് എന്നെ ഒന്ന് സങ്കൽപ്പിച്ചു. “ഹൗ .. ന്റെ റബ്ബേ!” അപ്പൊ തന്നെ കൈ രണ്ടും സ്റ്റിയറിങ്ൽ പിടിക്കുന്ന പോലെ പിടിച്ചു വീട്ടിലേക്ക് ഒാടിക്കയറി ഉമ്മാനോട് പറഞ്ഞു.
“ഉമ്മാ… ഞാൻ എഞ്ചിനോടിക്കാൻ പോകും!”
അഹമ്മദിക്കയും കൈക്കോട്ടും എൻജിനു മുന്നിൽ തോൽവി സമ്മതിച്ചു.
ആയിടക്കാണ് ഗൾഫ്ന്നു വരുന്ന ഉപ്പാനെ കൂട്ടാൻ എയർ പോർട്ടിൽ പോയത്. വിമാനത്തിന്റെ ഇരമ്പൽ കേട്ടപ്പോ തന്നെ കണ്ണങ്ങനെ തള്ളി നിന്നു.ഒരു വിധത്തിൽ മാമനോട് പറഞ്ഞു വിമാനം കാണാൻ ടിക്കറ്റ് എടുത്തു. എഞ്ചിനൊക്കെ പറപറന്നു. ഞമ്മളെ പപ്പു ചേട്ടൻ പറഞ്ഞ പോലെ ‘റോക്കറ്റ് വിട്ട മാരി… ഹെ ഹെ ഹേ.. ഹെ ഹെ ഹേ..,”
ആഗ്രഹം പൈലറ്റ് ലേക്ക് മാറ്റി പതിവുപോലെ ഉമ്മാനോട് പറഞ്ഞു. ‘”പൈലറ്റ് ആവണം”” പിന്നെ അങ്ങോട്ട് പറമ്പിലും മുറ്റത്തും കെടന്ന് പാറലായിരുന്നു.
ഇതൊക്കെ 1മുതൽ 7 വരെ ഉള്ള ക്ലാസ്സിൽ സംഭവിച്ചത്….. അതിനിടയിൽ ജെസിബി ഡ്രൈവറും സിനിമാ നടനും മീൻ പിടുത്തക്കാരനും ഫാക്ടറി തൊഴിലാളിയും ഒക്കെ ആയി. എന്തിനേറെ, പ്രധാനമന്ത്രി വരെ ആയി.പിന്നങ്ങോട്ടാണ് അല്പം കടന്ന് ചിന്തിക്കുന്നത്. എട്ടാം ക്ലാസിലെ ഫിസിക്സ് മാഷിന്റെ പിരികയറ്റലിൽ രണ്ടു ദിവസത്തേക്ക് എഞ്ചിനീയറും.. ബയോളജി ടീച്ചറെ ക്ലാസ്സിൽ ഡോക്ടറും സാമൂഹ്യ ശാസ്ത്ര ക്ലാസ്സിൽ ജേർണലിസ്റ്റും ഐ പി എസും ഐ എ എസ്സും ഒക്കെ ആയി.
പത്താം ക്ലാസ്സിലെത്തിയപ്പോ തലങ്ങും വിലങ്ങും ചോദ്യം- “ആരാകണം?, പ്ലസ് വൺ ഏത് വിഷയം എടുക്കുന്നു ?”എന്നൊക്കെ. ക്ലാസ്സിലെ ദയനീയാവസ്ഥ കണക്കിലെടുത്തു കൊണ്ടും കണക്കിൽ ഞാൻ കാണാക്കയത് കൊണ്ടും,സ്വയം ഒരു താത്വിക അവലോകനം നടത്തി. ഡോക്ടറും
എൻജിനീയറുംആകണം എന്ന് ആഗ്രഹം ഇല്ലാതില്ല. പക്ഷെ, തല കുത്തി മറിഞ്ഞാലും സയൻസ് കിട്ടൂല എന്ന യാഥാർഥ്യം മനസ്സിലാക്കി ഉമ്മാനോട് ഒരു കാച്ചു കാച്ചി. “ഉമ്മ, സയൻസിൽ പൊതുവെ എനിക്ക് താല്പര്യം ഇല്ല. ഞാൻ +2 കോമേഴ്സ് എടുക്കാണുട്ടോ. എന്നിട്ട് സിഎ ചെയ്താലോ എന്നുണ്ട്!” കോമേഴ്സ് എടുക്കും എന്ന് പറഞ്ഞത്
ഓകെ, . പക്ഷെ ‘സിഎ’ എന്ന് എന്റെ വായീന്നു കേട്ട ഉമ്മയും ഉമ്മ പറഞ്ഞു കേട്ട ഉപ്പയും, കുടുംബക്കാരും നാട്ടുകാരും അടക്കം ഒരു ലോറിക്കുള്ള അത്ര ആളുകളാണ് അന്ന് ഞെട്ടൽ രേഖപ്പെടുത്തിയത്. അങ്ങനെ +2 വിൽ കിടന്നു മറിയുമ്പോഴാണ് തലയിൽ റിയൽ എസ്റ്റേറ്റും ബിസിനസ്സും കയറിയത്. ഡോക്ടറും എൻജിനീയറും സി എ യും ഒക്കെ ബിസിനസ് മാന്റെ വിരല്തുമ്പിലാണ്”എന്ന ബിസിനസ്സ് സ്റ്റഡീസ് ന്റെ സാറിന്റെ മാസ്സ് ഡയലോഗ് ആണ് എല്ലാം മാറ്റിമറിച്ചത്. രണ്ടു കൊല്ലം സാർ പഠിപ്പിച്ചിട്ട് ഞാൻ ആദ്യമായിട്ടു കേട്ട വാക്ക്. പിന്നെ വീടിന്റെ അടുക്കളയിൽ ചോറിനും കറിക്കും ഒപ്പം ബിൽഗേറ്റ്സും സക്കർബർഗും രത്തൻ ടാറ്റയും യൂസഫലിയും അടക്കം അണ്ഡകടാഹത്തിലെ സകല ബിസിനസ്സുകാരും തിളച്ചു മറിഞ്ഞു.എന്റെ ലോക വിവരം കണ്ട് ഉമ്മയും അനിയത്തിയും അത്ഭുതസ്തബ്ധരായി.അവസാനം +2 കഷ്ടി പുഷ്ടി പാസ് ആയി എന്ത് ഏത് എന്നറിയാതെ നിക്കുന്ന എന്നോട് ചട്ടുകം കയ്യിലെടുത്തു ഉമ്മ പറഞ്ഞു, “ഇജ്ജ് ഏതെങ്കിലും ഒരു നിലയിലെത്തിട്ടു വേണം അന്റെ
ബാപ്പക്ക് ആ മണലിന്നൊന്നു രക്ഷപ്പെടാൻ.” ചരിത്രം ചിന്തിച്ചു ആയതെല്ലാം ഒന്നുകൂടെ ഓർത്ത് ഉമ്മാനെ നോക്കി അങ്ങനെ നിന്നു
നാഫിഹ് കോൽക്കളം
പൂർവ വിദ്യാർത്ഥി