TTC പഠന കാലത്തെ പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു ജസീല ടീച്ചർ . പഠനം കഴിഞ്ഞ് BSC MATHS ചെയ്യുന്ന
സമയത്ത് വിളിക്കാറുണ്ടായിരുന്നെങ്കിലും ആഴ്ചതോറും ഉണ്ടായിരുന്ന വിളികളുടെ എണ്ണം പിന്നീട് മാസത്തിലൊരിക്കലായി. പിന്നീട് എപ്പോഴോ ദൈർഘ്യം അതിലപ്പുറവുമായി.
മഴയുള്ള ഒരു വൈകുന്നേരം ” എന്നെ ഒന്ന് കാണാൻ വരോ…”എന്ന ടീച്ചറുടെ ഫോൺ കോൾ. എനിക്കെന്തോ
വല്ലാതായി . കാലത്തിന്റെ കുത്തൊഴുക്കിൽ അന്യരായി പോയോ എന്നൊരു തോന്നൽ.
“ഓള്‍ക്ക് കണക്കിൽ എ പ്ലസാ”.
എന്ന് പറഞ്ഞു ചിരിക്കുന്ന മുഖം മനസ്സിൽ തികട്ടി വന്നു .
ഒരാഴ്ചയ്ക്കുള്ളിൽ എങ്ങനെയോ യാത്ര തിരപ്പെടുത്തി പോകുമ്പോൾ പാണ്ടി ക്കാട്ടേക്കുള്ള വഴി ചോദിക്കാൻ
ഒരുപാട് തവണ വിളിച്ചിട്ടും മറുപടി കിട്ടാത്ത ഫോൺ കോളിനെ കുറിച്ചുള്ള ആധിയായിരുന്നു മനസ്സിൽ നിറയെ.
തണൽ വിരിച്ച ഇടവഴിയിലെ തണുപ്പിലൂടെ നടക്കുമ്പോൾ മനസ്സിൽ കാർമേഘം ഉരുണ്ടുകൂടുന്ന പോലെ ഒരു
തോന്നൽ . പൂമുഖത്തെ തുറന്നിട്ട വാതിലിലൂടെ അകത്ത് കയറി ടീച്ചറുടെ മുഖത്തേക്ക് നോക്കിയതേ ഒാർമ്മയുള്ളൂ .
ശരീരം . തളരുന്നത് പോലെ . എന്തൊക്കെയോ പറയാൻ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും ശബ്ദം പുറത്തേക്ക് വരുന്നില്ല.
“എന്താ ടീച്ചറെ പറ്റീന്ന്” എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു . പിന്നെ സംസാരിച്ചത് മുഴുവൻ ടീച്ചറുടെ ഉമ്മയാ
യിരുന്നു . പഠനവും ജോലിയുമൊക്കെയായി നടന്ന ടീച്ചർ ട്യൂമർ വന്ന്…
കളിപ്പാവയെ കയ്യിലൊതുക്കി കൊലുസണിഞ്ഞ് അകത്തളങ്ങളിൽ പുഞ്ചിരി വിടർത്തിയ മൂന്നു വയസ്സുകാരിയിൽ ആയിരുന്നു എന്റെ നോട്ടം മുഴുവൻ . ടീച്ചറുടെ പൊന്നോമന. മിണ്ടാതിരിയെടോ എന്ന ഒറ്റവാക്കിൽ അമ്പതിൽ പരം വരുന്ന ഞങ്ങളെ നിശബ്ദരാക്കിയിരുന്ന ടീച്ചറെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു എന്ന സത്യം ഇതിനിടയിൽ എപ്പോഴോ ഞാൻ മനസ്സിലാക്കി കഴിഞ്ഞിരുന്നു.
അനുസരണയില്ലാത്ത കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീരിനെ മറച്ചു പിടിക്കാൻ ആവുന്നത്ര ശ്രമിച്ചു. കഴിഞ്ഞില്ല.
പിന്നെയെല്ലാം യാന്ത്രികമായിരുന്നു. എന്തൊക്കെയോ സംസാരിച്ചു.’ഒക്കെ മാറുന്ന് ‘ ടീച്ചർ സ്വയം ആശ്വസിച്ചപ്പോ
കണ്ണിൽ കണ്ട തിളക്കം എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്.
യാത്ര പറഞ്ഞു ഇറങ്ങാൻ നേരം ഒാർക്കാപ്പുറത്തൊരു ചോദ്യം” നിനക്ക് വൈകിട്ട് പോയാൽ പോരെ ? മാഷ്
പൊയ്ക്കോട്ടെ ” പിന്നെ വരാം ടീച്ചറെ എന്ന് മുഖത്ത് നോക്കാതെ പറഞ്ഞു. നോക്കാനുള്ള ശക്തിയില്ലായിരുന്നു.
” പഠിച്ചു ജോലി വാങ്ങണം ട്ടോ ” എന്ന ടീച്ചറുടെ ശബ്ദം എന്റെ ഹൃദയമിടിപ്പ് കൂട്ടിയതേയുള്ളൂ.
വീട്ടിലെത്തിയതും കാറും കോളും നിറഞ്ഞ മാനം പോലെ ഒറ്റപെയത്ത് ായിരുന്നു . നാലു വയസ്സുകാരി മകളും കര
യാൻ കൂടെ കൂടിയപ്പോൾ സ്ഥലകാലബോധം വീണ്ടെടുത്തു.ഇടയ്ക്ക് കുശലാന്വേഷണങ്ങളുമായി രണ്ടുമാസം .
ഒന്നൂടെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും സങ്കടങ്ങൾ ഇല്ലാത്ത ലോകത്തേക്ക് ടീച്ചർ യാത്രയായിരുന്നു . ചടങ്ങുകൾക്കൊന്നും എത്താൻ കഴിയാത്ത അത്രയും ദൂരത്തായിരുന്നു ഞാൻ. എത്തിയപ്പോഴേക്കും
ടീച്ചർക്ക് മൈലാഞ്ചി ചെടികൾ തണലൊരുക്കിയിരുന്നു. ഉമ്മറത്തിണ്ണയിലെ ടീച്ചറുടെ ചെരുപ്പിൽ നിർന്നിമേഷയായി
നോക്കിനിന്ന എന്റെ ചുമലിൽ ആരോ തൊട്ടതും ഒാർമ്മകളിൽ നിന്ന് ഞാൻ ഞെട്ടി ഉണർന്നു .
“ഞങ്ങൾ ഒറ്റയ്ക്കായി”!
എന്ന് പറഞ്ഞ് കരഞ്ഞ ഉമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാൻ ..
” നിനക്ക് വൈകുന്നേരം പോയാൽ പോരെ “? എന്ന ചോദ്യം മനസ്സിൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു.
എന്താകും ടീച്ചർ പറയാൻ ആഗ്രഹിച്ചത് ..?
ഹബീറ പാട്ടുപാറ
ടീച്ചർ, GUPS KOTTAKKAL
മുകുളം മുൻ സബ് എഡിറ്റർ
good