നിത്യ സുന്ദരിയാണ് ഊട്ടി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ദശാബ്ദങ്ങൾ പിന്നിട്ടാലും മാറ്റ് കുറയുന്നില്ല. വ്യത്യസ്ത ഭാവങ്ങളോടെ നമുക്കാ സൗന്ദര്യം കാണാം പുഞ്ചിരിക്കുന്ന മുഖഭാവം പെട്ടെന്നാവും മഞ്ഞുമൂടിയ വശ്യ സൗന്ദര്യത്തിന് വഴിമാറി നമ്മെ അത്ഭുതപ്പെടുത്തുന്നത്. ആ സൗന്ദര്യത്തിൽ മറ്റു കാഴ്ചകൾ എല്ലാം മാഞ്ഞുപോകുന്നു. ചിലപ്പോൾ നമ്മോട് പരിഭവപ്പെട്ട് രൗദ്രഭാവം പുറത്തെടുക്കും . ഇടിയും മിന്നലും മഴയുമായി അങ്ങനെ മുന്നിൽ നിൽക്കുമ്പോൾ അതിലുമുണ്ടൊരു സൗന്ദര്യം. നമ്മൾ യാത്ര പറഞ്ഞു മടങ്ങുമ്പോൾ കണ്ണീർത്തുള്ളികളോടെ അവൾ നമ്മളെ യാത്രയാക്കും .കുടുംബസമേതം ഈ യാത്രയുടെ പ്രധാന ലക്ഷ്യം ബാല്യകാലം ചെലവഴിച്ച ഗൂഡല്ലൂർ സന്ദർശനമായിരുന്നു. ഗൂഡല്ലൂർ -മൈസൂർ റോഡിൽ മരപ്പാലത്ത് 4 പതിറ്റാണ്ട് മുമ്പ് ഒന്നിച്ച് ഒരു കുടുംബം പോലെ താമസിച്ചിരുന്ന ജോസഫേട്ടന്റെ വീട്ടിലേക്കാണ് ആദ്യം പോയത് . അന്ന് താമസിച്ചിരുന്ന സ്ഥലത്ത് ഇന്ന് ജോസഫേട്ടന്റെ മക്കൾ നടത്തുന്ന ഹോണ്ട ഷോറൂം ആണ്.തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ ജീവനക്കാരായിരുന്ന അച്ഛനും ജോസഫേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല. തൊട്ടു താഴെയായിരുന്നു അപ്പച്ചന്റെ വീട് .. അദ്ദേഹത്തിന്റെ മകൻ ഷാജി എന്റെ സഹപാഠിയായിരുന്നു. ആ വീട്ടിന് പുറകിലെ വിശാലമായ കരിമ്പിൻ തോട്ടം ഇന്നില്ല. കരിമ്പ് ആട്ടി ശർക്കര ഉണ്ടാക്കിയിരുന്ന വീട്ടിലെ ഷെഡും അവിടെയില്ല . ഷാജിയുടെ അമ്മച്ചി അകത്തു പോയി പഴയ കുറെ ഫോട്ടോകളും ആയാണ് മടങ്ങിവന്നത്. അതിൽ ഞങ്ങളുടെ ഒന്നാം ക്ലാസിലെ ഫോട്ടോ കാണിച്ച് എന്നെ തൊട്ടു കാണിച്ച് അമ്മച്ചി എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷം അന്ന് പഠിച്ച മാർത്തോമാ സ്കൂളിലേക്കാണ് പോയത്. ഓടിക്കളിച്ച ആ സ്കൂൾ മുറ്റത്ത് കാലുകുത്തിയപ്പോൾ മേരി ടീച്ചറുടെയും ലീലാമ്മ ടീച്ചറുടെയും മുന്നിലിരിക്കുന്ന കൊച്ചുകുട്ടിയായി മാറി. ഒന്നാം ക്ലാസിൽ നൂറിൽ നൂറ് മാർക്ക് വാങ്ങുമ്പോൾ കളിപ്പാട്ടങ്ങൾ സമ്മാനം തരുന്ന, വീട്ടിലുണ്ടാക്കുന്ന അച്ചാറും മറ്റു വിഭവങ്ങളും കുട്ടികളുമായി പങ്കുവയ്ക്കുന്ന , കുട്ടികൾ ഇല്ലാത്തതുകൊണ്ട് ആ സ്നേഹം മുഴുവൻ ഞങ്ങൾക്ക് പകർന്നു തന്ന മേരി ടീച്ചർ ഇന്ന് ജീവിച്ചിരിപ്പില്ല. ആ മുറ്റത്ത് നിൽക്കുമ്പോൾ മനസ്സ് കുട്ടിക്കാലത്തേക്ക് അതിവേഗമാണ് ചിറകടിച്ചത്
രാജൻ.വി, അദ്ധ്യാപകൻ
AUPS മണ്ണഴി