മുകുള കാലം.

1999-ലെ ഒരു പ്രഭാതം!
അതിയാരത്ത് വലപ്പാട് വീടിന്റെ പൂമുഖത്ത് ചാരു കസേരയിൽ
ചാഞ്ഞു കിടക്കുന്ന ഒരു കുറിയ മനുഷ്യൻ..
അയാൾക്ക് ചുറ്റുമായി വിടർന്ന കണ്ണുകളോടെ ഇരിക്കുന്ന ഒരു പറ്റം കുട്ടികൾ.. വരികൾ കൊണ്ട് വിസ്മയം
തീർക്കുന്ന ഒരു ഇന്ദ്രജാലക്കാരനെ നേരിൽ കാണുകയായിരുന്നു അവർ.. ചെറിയ കവിയിലെ കവിതയുടെ വലിയ
ആകാശങ്ങൾ നേരിൽ അറിയുകയായിരുന്നു അവർ..

അവർക്കരികിൽ നിറഞ്ഞ മനസ്സോടെ ഇരിക്കുന്നുണ്ടായി
രുന്നു; ദൂരങ്ങൾ താണ്ടി അവരെ കവി സന്നിധിയിൽ എത്തിച്ച കുറച്ചു വലിയ മനുഷ്യർ ! അവരുടെ അധ്യാപകർ
ആ പ്രഭാതത്തിന്റെ മഹത്വം എന്തായിരുന്നു എന്ന് .. ആ ദിവസത്തെ സംഭവ പരമ്പരകൾക്ക് പ്രാധാന്യം എത്രയെന്ന്…
അവരെ നയിച്ച ഗുരു വെളിച്ചങ്ങളുടെ ദീർഘവീക്ഷണം
എത്രയെന്ന് .. ആ കുട്ടിക്കൂട്ടം അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നോ ? സാധ്യതയില്ല.

എഴുതിയ കുറെ കുഞ്ഞുണ്ണി കവിതകൾ തുന്നിച്ചേർത്ത പുസ്തകങ്ങളുമായി പ്രിയപ്പെട്ട അധ്യാപകർക്കൊപ്പം ഒരു യാത്ര മിഠായി മധുരമുള്ള ഒരു കവിയെ നേരിൽ കാണാൻ … ഒരുമിച്ചിരിക്കാൻ.. അതിനപ്പുറം ആ ദിവസത്തെ വായിക്കാൻ അവർ വളർന്നിരുന്നില്ല എന്ന് തീർച്ച .കുഞ്ഞുണ്ണിക്കവിക്ക് അവർ കൽക്കണ്ടവും മുന്തിരിയും
കാണിക്ക വെച്ചു . കവിയവർക്ക് കവിതയുടെ വരം ചൊരിഞ്ഞു.
ആടിയും പാടിയും ഉണ്ടും ചിരിച്ചും കുശലം പറഞ്ഞു കവിയവർക്ക്
കൂട്ടുകാരനായി . പിരിയാൻ നേരം വലപ്പാട്ട് തൊടിയിലെ
കടൽമണമുള്ള കാറ്റിനെയും മണൽ വിരിച്ച
മുറ്റത്തെയും സാക്ഷി നിർത്തിയ ഒരു സംഭവം നടന്നു, ഒരു
ചരിത്രത്തിന്റെ പിറവി ! ഒരു മാസികയുടെ ജനനം !
ആദ്യത്തെ സ്കൂൾ ഇൻലന്റ് മാസികയുടെ
പ്രകാശനം അതായിരുന്നു മുകുളം .

വർഷങ്ങൾ 25 പിന്നിടുമ്പോൾ,
പഴയ ഇലകൾ കൊഴിയുന്നത് അനുസരിച്ച്
പുതിയ ഇലകൾ തളിർക്കുന്ന മഹാ വൃക്ഷമായി മുകുളം വളർന്നു .. അതിന്റെ സാരഥി ദേശീയ അധ്യാപക അവാർഡ്
ജേതാവായി . അന്നത്തെ കുട്ടികളും വളർന്നു. അതിൽ ഒരാൾ
എന്ന നിലയിൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ
തിരിച്ചറിയാനാകുന്നുണ്ട്;

ഏതിലയും മധുരിക്കുന്ന ഓർമ്മകളുടെ ഒരു കാടാണ് എനിക്ക് മണ്ണഴി സ്കൂളെന്ന്. പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ യറിയുന്ന മഹാമാന്ത്രികരായിരുന്നു അവിടുത്തെ എന്റെ അധ്യാപകരെന്ന് … അധ്യാപനവും ഗവേഷണവും എഴുത്തുമായി കാലം കരുതിവച്ച എന്‍റെ ഭാവിയുടെ ആദ്യത്തെ ചവിട്ട് പലകയാണ് മുകുളത്തിലൂടെ അവർ നീട്ടിയതെന്ന് …അതെ ! ഒാർമ്മയിലെ ഏറ്റവും നിറ
പ്പകിട്ടുള്ള ഒരു കാലത്തിന്റെ പേര് കൂടിയാണ് എനിക്ക് മുകുളം. മണ്ണഴി സ്കൂളുമായി ബന്ധപ്പെട്ട എന്റെ ഓര്‍മ്മ
യിലെ ഒരിക്കലുംനിറംമങ്ങാത്ത ഒന്നാണ് മൂന്നാം ക്ലാസ്. അഴികളില്ലാത്ത ജനാലകൾക്കിപ്പുറത്തിരുന്ന് ജയ ടീച്ചറും
ഞങ്ങളും ചേർന്ന് ഉത്സവമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെയായിരുന്നു എന്റെ ജീവിതത്തിന്റെ വഴി
ത്തിരിവ്. കവിതയുടെ കൈ ഞാൻ ആദ്യം പിടിക്കുന്നത് അവിടെ വെച്ചായിരുന്നു .എന്‍റെ വരികളിൽ കവിതയുണ്ട്
എന്ന് കണ്ടെത്തിയ ആദ്യത്തെയാൾ ടീച്ചറായിരുന്നു. ടീച്ചർ വഴി അവ മോഹൻ മാഷുടെ അടുത്തെത്തി. മുകളത്തിന്റെ
ആരംഭ കാലം തൊട്ടെ അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷവും അഭിമാനം തോന്നിയിരുന്നു. മുകുളത്തിന്‍റെ പ്രകാശനാർഥം കുഞ്ഞുണ്ണി മാഷിന്റെവീട്ടിൽ പോയപ്പോൾ എന്റെ കവിതകളുടെ രണ്ട് കയ്യെഴുത്ത് പതിപ്പുകളും കൊണ്ടുപോയിരുന്നു. അതു വായിച്ച് “അസ്സലായി, നന്നായി, പൊന്നായി ഒന്നായാൽ നന്നായി ” എന്ന് കുഞ്ഞുണ്ണി മാഷ് കുറിച്ചിട്ട പ്രതികരണം വർഷങ്ങൾക്കിപ്പുറവും എനിക്ക് പകരുന്ന ആത്മവിശ്വാസം വലുതാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുത്തച്ഛൻ ഇല്ലാത്ത ഒരു ഒാണക്കാലത്തിന്റെ ശൂന്യതയ കുറിച്ച് ഞാനൊരു കവിത എഴുതിയിരുന്നു. ‘ശൂന്യത’ എന്നുതന്നെയായിരുന്നു അതിനു പേരിട്ടത്. മാഷ് അതിനു മുകുളത്തിലൂടെ അച്ചടി മഷി പുരട്ടുകയും ചെയ്തു.
മുകുളം എന്ന വായു അപ്പൂപ്പൻ താടിയെ എന്ന പോലെ ആ കവിതയെ എടുത്തുയർത്തിയതും സ്വപ്നങ്ങൾക്കുമുയര
ത്തിൽ പ്രതിഷ്ഠിച്ചതും ഞാൻ അറിയുമ്പോൾ ആറാം ക്ലാസ്സുകാരി മലയാള ബിരുദക്കാരിയായിമാറിയിരുന്നു.
ഒരു ദിവസം അപ്രതീക്ഷിതമായി മാഷുടെഒരു ഫോൺകോൾ ” സൗമ്യ നീയെഴുതിയ ശൂന്യതഎന്ന കവിത നാലാം ക്ലാസിലെ അധ്യാപക സഹായിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്” .

മാതൃഭൂമി ആഴ്ചപ്പതിപ്പിലും ദേശാഭിമാനി വാരികയിലുമെല്ലാം കവിതകൾ പ്രസിദ്ധീകരിച്ചു വന്നിരുന്നെങ്കിലും, കവിതയുടെ പേരിൽ ഞാൻ അടയാളപ്പെടുന്നത് അധ്യാപക സഹായിയിലൂടെയാണ്. ആ സന്തോഷത്തിന് സമ്മാനമായി മാഷെനിക്ക് ഞാൻ പണ്ട് എഴുതിയ കുഞ്ഞിക്കവിതാപതിപ്പുകൾ സമ്മാനമായി നൽകി .മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും അധ്യാപന ബിരുദവും നേടിയശേഷം ജെ.ആർ. എഫ് കിട്ടി ഗവേഷണത്തിനായി ചേർന്ന് ശേഷവും മുകളത്തെ ഞാൻ ആശ്രയിച്ചിട്ടുണ്ട്. കുട്ടി
കളുടെ കാവ്യഭാവുകത്വത്തെ മുൻനിർത്തിയുള്ള എന്റെ ഗവേഷണം മുകുളത്തെ സ്പർശിക്കാതെ പൂർണ്ണമാവില്ലല്ലോ !
ഉറപ്പോടെ തന്നെ ഇന്ന് എനിക്ക് പറയാനാവും; ജീവിതത്തിന്റെ ഗതിയെ നിർണയിച്ച ഘടകങ്ങളിൽ ഏറ്റവും പ്രധാനം
മുകുളംതന്നെയാണ്. എന്നെ കണ്ടെത്തുകയും കവിതയിലും ജീവിതത്തിലും കരുത്തേകുകയും ചെയ്ത പ്രിയപ്പെട്ട
ഇടംമണ്ണഴി സ്കൂൾ തന്നെയാണ് . ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ മാതൃക
കളായി മുന്നിലുള്ളത് ഇവിടുത്തെ പ്രിയ എന്റെ അധ്യാപകർ തന്നെയാണ്. അവരുടെയെല്ലാം കാൽക്കൽ പ്രണമിച്ചു
കൊണ്ട് മുകുളത്തിലൂടെ വളരുന്ന മണ്ണഴി സ്കൂളിലെ പുതുമുകുളങ്ങൾക്ക് സ്നേഹമറിയിച്ച് , രജത ജൂബിലി
ആഘോഷിക്കുന്ന മുകളത്തിന് ഉയർച്ചകൾ ആശംസിച്ചു നിർത്തുന്നു.

സൗമ്യ മേലേ പുരയ്ക്കൽ
ഗവേഷക – കാലിക്കറ്റ് സർവ്വകലാശാല
മുകുളം മുൻ എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top