അമ്മേ ഈ അച്ഛനെന്താ എഴുന്നേൽക്കാത്തത്..അച്ഛാ അച്ഛാ എനിക്ക് ഉണ്ണിക്കുട്ടനു കളിക്കാൻ കൂട്ടു വാ….. പൂക്കൾക്കിടയിൽ വെള്ള വസ്ത്രം അണിഞ്ഞ് ചെറു ചിരിയോടെ കിടക്കുന്ന അയാളെ അവൻ തന്റെ കുഞ്ഞി കൈകൾ കൊണ്ട് തട്ടി വിളിച്ചു കൊണ്ടിരുന്നു ഇത്തിരി പോലും അനങ്ങാത്തത് കൊണ്ട് അവൻ അയാളെ ഇക്കിളി പെടുത്താൻ തുടങ്ങി……… പൂക്കളെ അത്രമേൽ സ്നേഹി ച്ചത് കൊണ്ടാവും അയാളുടെ തലോടലുകൾ ഏറ്റു വളർന്ന ചെടികൾ പൂന്തോട്ട ത്തിൽ ആ കുഞ്ഞിന്റെ ചെയ്തികൾ കാണാൻ ആവാതെ തല കുമ്പിട്ടു നിന്നു. ഇലകൾ വാടി തൂങ്ങി നിന്നു. അയാൾക്ക് ചുറ്റും പരന്നു കിടന്ന പൂക്കൾ വേദനയോടെ അയാളിൽ സുഗന്ധം പരത്തി. ഒടുവിൽ അയാളെ മണ്ണിലേക്ക് ഇറക്കുമ്പോൾ ഉണ്ണിക്കുട്ടൻ ഒരു പിടി മണ്ണ് ആരോ നൽകി…., അച്ഛൻ പറഞ്ഞല്ലോ…, ചെടികളുടെ വിത്ത് കുഴിച്ചിട്ടാൽ ഒരുപാട്
ചെടികളും പൂക്കളും ഉണ്ടാകുമെന്ന്…… നമുക്ക് ഒരുപാട് അച്ഛനുണ്ടാകാൻ ആണോ അമ്മേ അച്ഛനെയും കുഴിച്ചിടുന്നത് പിന്നിലായി നിൽക്കുന്ന അമ്മയോട് അവൻ കൊഞ്ചലോടെ ചോദിച്ചു. പുതിയ അച്ഛൻ കിളുർത്ത് വരും എന്ന് പ്രതീക്ഷയിൽ സന്തോഷത്തോടെ അച്ഛന്‍റെ മേലേക്ക് മണ്ണ് വാരിയെറിഞ്ഞു കൊണ്ടിരുന്നു.
ശ്ര്യംഖ-6B