എന്റെ മറക്കാനാവാത്ത ഒരു അനുഭവം അന്ന് ഓണത്തിന് സ്കൂൾ പത്ത് ദിവസം പൂട്ടിയിരുന്നു. ഞാനും എന്റെ ഉമ്മയും എന്റെ ഉമ്മാന്റെ വീട്ടിൽ വിരുന്നുപോയി. വയലും തോടും കുളവും വലിയ കാടും എല്ലാം അവിടെ കൗതുകം നിറഞ്ഞതാണ്. ഓടിട്ടതും വലുതും ചെറുതുമായ മതിൽക്കെട്ടുകൾ ഇല്ലാത്ത ഒരുപാട് അയൽ വീടുകൾ. അതിൽ എനിക്ക് ഒരുപാട് കളിക്കൂട്ടുകാർ ഉണ്ട്. അടുത്ത വീട്ടിലെ കൂറ്റൻ പുളിമരത്തിന്റെ ചില്ലയിൽ രണ്ട് ഊഞ്ഞാൽ ഉണ്ട് അതിൽ ആടാൻ എല്ലാ കുട്ടികളും ഒരുമിച്ചു കൂടും. അന്ന് പതിവുപോലെ ഞങ്ങൾ കളിക്കാൻ ഇറങ്ങി ഓണപ്പൂക്കളമത്സരം അതാണ് ഞങ്ങളുടെ ഇന്നത്തെ കളി. ഞങ്ങൾ കൂട്ടുകാർ എല്ലാവരും ചേർന്നു രണ്ട് ഗ്രൂപ്പുകളായി തിരിച്ചു, എന്റെ ഗ്രൂപ്പിൽ അഞ്ചു കുട്ടികൾ മറ്റേ ഗ്രൂപ്പിലും അഞ്ചു കുട്ടികൾ. രണ്ട് ഗ്രൂപ്പിലും ഓരോ ടീച്ചർ അങ്ങനെയാണ് കളി. ഞങ്ങൾ എന്റെ വീടിൻറെ മുറ്റത്തും മറ്റ് ഗ്രൂപ്പുകാർ പുളിമരത്തിന്റെ ചുവട്ടിലും പൂക്കളം ഒരുക്കാൻ തീരുമാനിച്ചു.അങ്ങനെ ഞങ്ങൾ വീട്ടിലെ പൂക്കളെല്ലാം പറിച്ചു,തികയാതെവന്നപ്പോൾ വീടിൻറെ മുകളിലെ ആ വലിയ കാട്ടിലേക്ക് പൂക്കൾ തേടി പുറപ്പെട്ടു. തെച്ചി കാട്ടുമുല്ല അങ്ങനെ പേരറിയാത്ത ഒരുപാട് പൂക്കൾ കിട്ടി കാട്ടിലെ പേരക്കയും ചാമ്പക്കയുംകഴിച്ചു. വെയിലിന്റെ ചൂട് കൂടി ഞങ്ങൾക്ക് നന്നായി ദാഹിക്കുന്നുണ്ട് ആളില്ലാത്ത ആ പറമ്പിൽ ഒരു കിണർ കണ്ടു വെള്ളമെടുക്കാൻ തുനിഞ്ഞപ്പോൾ അതിലെ വാഴയില പൊട്ടിക്കാൻ വന്ന അമ്മമാർ അത് കണ്ടു, “”കുട്ടികളെ..അതിൽ നിന്ന് വെള്ളം കുടിക്കേണ്ട അതിൽ തവള മൂത്രമൊഴിച്ചിട്ടുണ്ട് ” വെള്ളം എടുക്കാതെ നിരാശരായി മടങ്ങിയ ഞങ്ങൾ മറ്റേ ഗ്രൂപ്പുകാരോട് ഈ വിവരം പറഞ്ഞു. “”തവള ഇല്ലാത്ത കിണർ ഉണ്ടാകുമോ? പൊട്ടന്മാർ നിങ്ങളുടെ ഗ്രൂപ്പിന് തവള ഗ്രൂപ്പ് എന്ന് പേരിടാം”. അവർ ഞങ്ങളെ കളിയാക്കി, പക്ഷേ പൂക്കളം മത്സരത്തിൽ ഞങ്ങളുടെ ഗ്രൂപ്പ് അവരെ തോൽപ്പിച്ചു.
Muhammed Jishan. IV A