കുളിരോലുമുറവയായ് വന്നു നീയെന്നിലെ
വരൾ നാവിനെന്തിനു മധു പകർന്നൂ
കനലായെരിയുമെൻ ഹൃദയത്തിലെന്തിനു
മഴയായി മെല്ലെ പെയ്തിറങ്ങീ
എന്നിലെ എന്നിൽ നിറഞ്ഞു നീയെന്തിനു
മോഹത്തിൻ വർണച്ചിറകു നൽകീ
അന്ധകാരത്തിൻ തടവറയിൽ നിന്നു
വെള്ളി വെളിച്ചമിതെന്തിനേകീ
ഒരു വാക്കു മിണ്ടാതെ പോകുവാനെങ്കിൽ നീ
എന്തിനെൻ ചാരത്തു വന്നണഞ്ഞൂ
പ്രിയദേയൊരിക്കലും കാണാത്ത ദൂരത്തു
എന്തിനായെന്നെ നീ മാറ്റി നിർത്തീ
കനവായിയെങ്കിലും കണ്മുന്നിൽ വന്നാലും
പരിഭവമെന്നോടു കാട്ടിടൊല്ലേ
കിളികളൊഴിഞ്ഞൊരു കൂടു പോലെൻ മനം
കവിതേ നിനക്കായി കാത്തുനിൽപ്പൂ
നീ വരും നാളിലായേകാം സഖീയെന്റെ
ഹൃദയത്തിൻചെമ്പനിനീർ ദലങ്ങൾ
സതീദേവി. VK
HM, AUP SCHOOL, MANNAZHI