ഓർമ്മവഴികൾ

തണ്ണിമത്തനിൽ നിന്ന് വിരിഞ്ഞിറങ്ങിയ കുഞ്ഞ് വീട്
കുളത്തിന്റെ നനഞ്ഞനീലിമയും
മരങ്ങളുടെ തണുത്ത പച്ചയും
മണ്ണിന്റെ ഉയിർമണവും കൊണ്ട്
എന്നെഎതിരേറ്റ
ഓർമ്മകളുടെ നനുത്ത കൂട്
പൂത്തു നിൽക്കുന്ന മരങ്ങൾ
തണൽ വിരിച്ച വഴിയ്ക്കപ്പുറം
പാതി നരച്ച നെഞ്ചു തൂവി അച്ഛനും
മങ്ങിയ നേര്യതിൻ തുമ്പു പിടിച്ച് അമ്മയും നിന്നു
ഇന്നെനിക്കു വീടില്ല
ചിതലരിച്ച ഓർമ്മകളുടെഅവശിഷ്ടം മാത്രമായ്
ഒരു നരച്ച കെട്ടിടം
കുളിരു നിറഞ്ഞ വഴിയ്ക്കു പകരം
വെന്തുരുകുന്ന റോഡ്
തണൽ വിരിച്ച മരങ്ങളെ കൊന്ന്
ഫ്ളാറ്റുകൾ തലയുയർത്തി നിൽക്കുന്നു
എതിരേൽക്കാൻ അച്ഛനുമമ്മയ്ക്കും പകരം
പുല്ലുമുളച്ച രണ്ടു മൺകൂനകൾ
നഗരത്തിരക്കുകളിൽ ശ്വാസംമുട്ടുമ്പോൾ
ആയിരം വ്യഥകൾ ഉള്ളിൽ ഭ്രമണം ചെയ്യുമ്പോൾ
ഞാൻ ആ വീടും വഴിയും തേടുന്നു
അമ്മതൻ മടിതട്ടിൻ ചൂടും
അച്ഛന്റെ വിരലുകളുടെ തലോടലും കൊതിയ്ക്കുന്നു
ഓർമ്മത്തണുപ്പിൽ ഭാരങ്ങളിറക്കാൻ വെമ്പുന്നു
തേടലിനപ്പുറം
നിതാന്തമാം ശൂന്യതയിൽ
ഓർമ്മവഴികൾ നഷ്ടപ്പെട്ടവളായ്
ഏകാകിനിയായി
ഞാൻ മാത്രം അവശേഷിക്കുന്നു

AZZA MIRFA, മുകുളം മുൻ എഡിറ്റർ

സംസ്ഥാന യുജനോത്സവത്തിൽ എ ഗ്രേഡ് നേടിയ കവിത

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top